ഉപേക്ഷയുടെ കൂദാശ

ഉലയുന്ന ചുവന്ന മേലങ്കി ധരിച്ചൊരുവന്‍
കഠിനക്ഷതവടുക്കളാല്‍ നിറഞ്ഞൊരു ചെറുഹൃദയം
കാണാതെങ്ങോ നടന്നു പോകേ

വസന്തം നിറച്ച പൂമൊട്ടുകള്‍
അവരുടെ വഴിയേ വീണു കിടന്നു…!

ഓശാന ഓലകള്‍ കാണേ
സൗഖ്യം നല്‍കിയവന്‍
കൈക്കുടന്നയില്‍ കൊടുങ്കാറ്റു
ഒളിപ്പിച്ചു മേലങ്കി പുതച്ചു…!

ശരീരം നഷ്ടമായൊരു
ചെറുഹൃദയം അപ്പോഴും
മിടിക്കുന്നുണ്ടായിരുന്നു.
മുറിവിന്റെ വിങ്ങല്‍
മാറാത്ത വടുക്കളാകട്ടെ
വിണ്ടു പൊട്ടി.

വായില്‍ ഒരു കിണര്‍ വെള്ളവും
നാവില്‍ കോടാനുകോടി
പുസ്തകങ്ങളും പേറി കൊണ്ടവന്‍
വീണ്ടും നടക്കുന്നുണ്ട്‌…
ആര്‍ക്കോ ഉരിഞ്ഞെടുക്കുവാന്‍
ചുവന്നൊരു മേലങ്കി കൂടെയുണ്ട്‌.

ശരീരം നഷ്ടമായൊരു
ചെറുഹൃദയം അപ്പോഴും
മിടിക്കുന്നുണ്ടായിരുന്നു.
മുറിവിന്റെ വിങ്ങല്‍
മാറാത്ത വടുക്കളാകട്ടെ
വിണ്ടു പൊട്ടി.

കാരുണ്യത്തിന്റെ മുക്കോടി
ഭാവങ്ങള്‍ കണ്ണില്‍ നിറച്ചവന്‍!
കാവലായി കരയുന്നവരുടെ
ചാരെ മാലാഖമാരെ പറഞ്ഞയച്ചു കൊണ്ടേയിരുന്നു…!
മേലങ്കിയാല്‍ അവരെ
പൊതിഞ്ഞു പിടിച്ചു നിന്നു.

ശരീരം നഷ്ടമായൊരു
ചെറുഹൃദയം അപ്പോഴും
മിടിക്കുന്നുണ്ടായിരുന്നു.
മുറിവിന്റെ വിങ്ങല്‍
മാറാത്ത വടുക്കളാകട്ടെ
വിണ്ടു പൊട്ടി.

പൊട്ടിയ വിണ്ടലുകളിൽ
നിന്നും ഓശാന ഗദ്ഗദം ഉയര്‍ന്നു പൊങ്ങി
എവിടെയാണ്‌ നീ എന്റെ ദൈവമേ…!

അവനാകട്ടെ ആകാശചരിവിലൂടെ
മാലാഖകൂട്ടങ്ങളെ മേയ്ച്ചുകൊണ്ടിരുന്നു…!

ഉപേക്ഷിക്കപ്പെടാനായി
അവന്‍ സൃഷ്ടിച്ച ഒരുവളുടെ
ചെറുഹൃദയം അപ്പോഴും
അവനു വേണ്ടി കേണുകൊണ്ടേ ഇരുന്നു.

Share :

പുതിയ കുറിപ്പുകൾ

Scroll to Top