നരകവും നക്ഷത്രവും ഒരുമിച്ചു
കാണുന്നു നമ്മിൽ വിഷാദ രോഗം
ഈശ്വരനിലേയ്ക്ക് ഞാൻ കുതിക്കവേ
പിശാചെന്നിൽ താണ്ഡവമാടുന്നു..
ഇരവിലൂറും മതിഭ്രമകണങ്ങൾ
കാതിൽ മന്ത്രിക്ക
ആരുമില്ല എനിക്ക്… എനിക്കാരുമില്ല,
നാവ് നീട്ടി അലറിയടുക്കുന്നു
നരജൻമകൂട്ടങ്ങൾ പകലെന്റെ ചുറ്റും.
വായിച്ചു തീർന്ന നുറായിരം പുസ്തകങ്ങൾ
തലയ്ക്കു മീതേ കറങ്ങുമ്പോൾ
അക്ഷരങ്ങൾ എനിക്ക് ചുറ്റും
അടർന്നു വീഴുന്നു.
എട്ടുകാലി കൂട്ടങ്ങൾ ചുമന്നു
എത്തിക്കുമെന്റെ നെഞ്ചിൽ പുലരിയിൽ
അഞ്ഞൂറ് വ്യാളിതൻ ഭാരം
സന്ധ്യയ്ക്ക് വീഴുന്ന കാറ്റിൽ
പറന്നെത്തുന്നു അരിഞ്ഞു വീണ
ചിറകുകൾ
രക്തപുഷ്പങ്ങൾ
വീണതാമീ വഴിത്താരയിൽ
വിഷാദരോഗികൾ
ചത്ത ഒറ്റമാൻ മിഴികളായി നിൽക്കുന്നു
ആരുടെ മന്ത്രണം എപ്പോഴുമെൻ കാതിൽ
വരൂ പോകാം മരിയ്ക്കണ്ടേ നിനക്കൊന്നും…
അശരീരി പോലെപ്പോഴും മുഴങ്ങുന്നു കാതിൽ
ചിലനേരമാ കമ്പളം തലച്ചോറിന്
മീതെ മായുന്നു
സൂര്യൻ തെളിയുന്നു.
പുഞ്ചിരി പൊഴിയും മുഖങ്ങൾ
വീണ്ടും കാണുന്നു.
അഹോ… വീണ്ടും മായുന്നു
മിന്നൽ പോലെന്റെ തലയിൽ
കൂടു കൂട്ടുന്നു കാട്ടുഭ്രമരങ്ങൾ.
മൂകമായി ഞാനതു കേട്ടു
ഉള്ളേ നടുങ്ങുന്നു.
പിടക്കുന്ന പുഴുപോലെ
ഇടറുന്ന മനമായി
സദാ കണ്ണുനീർ വാർത്തു
മൂലയ്ക്ക് കുത്തിയിരിക്കുന്നു.
എന്തിനെന്നറിയാതെ
വീണ്ടും കരയുന്നു…
നിർത്തുവാനറിയാതെ
കരയുന്നു… ഞാൻ ചിത്തരോഗി
ഞാൻ വിഷാദിനി.