ഇമ്മിണി കുഞ്ഞ് ദൈവം

കൊടുംവറുതിയുടെ
നിഷ്ഠൂരമാം
കെട്ട കാലത്തയാൾ ദൈവത്തെ തേടിയിറങ്ങി

പടിദൂരെ കുർബാന മുഴങ്ങുമ്പോൾ
അവിടെ തേടിച്ചെന്നു കുനിഞ്ഞിരുന്നു
കുർബ്ബാനയേക്കാൾ നീണ്ട പിരിവിന്റെ
പട്ടിക പല്ലിളിച്ചപ്പോൾ
കാർമേഘങ്ങൾ
ഉള്ളിലൊതുങ്ങി പടിയിറങ്ങി.

പട്ടിൽ പൊതിഞ്ഞ കെട്ടിച്ചമഞ്ഞ
സ്ത്രീകളും വെള്ളക്കല്ലറ പോലെ
വരച്ച ചിരിയുമായി പുരുഷന്മാരും

മരിച്ചു അടങ്ങാൻ കുഴിയ്ക്കു പൈസ കൂട്ടുന്നു
മിന്നാരം ഉയർത്തിയ പച്ചക്കൊട്ടാരത്തിനു
മുന്നിൽ ദൈവിക ചിഹ്നങ്ങളിൽ ചിനച്ചുണർന്നു

അല്ലാഹ് അല്ലാതൊരു ദൈവമില്ലെങ്കിൽ
ഹിന്ദുവിനെയും നസ്രാണിയെയും പടച്ചതാര്
എന്നൊരു പിടച്ചിലിൽ അയാളോടി ഇറങ്ങി.

ദൈവത്തെ കാണാൻ വരാത്ത മുഖം മറച്ച
സ്ത്രീകളെ ദൈവം എങ്ങനെ കാണുമെന്നോർത്തു!

കനവ് ദൂരമപ്പുറം ശാന്തിയിൽ പൊതിഞ്ഞ
കളഭഗന്ധം ദൈവമണത്തിൽനിന്നു സോപാനം പാടി.

പട്ടിൽ പൊതിഞ്ഞ വിഗ്രഹങ്ങൾക്ക്
പുറകിൽ മതം വിറ്റു രാഷ്ട്രം
പിടിക്കുവാൻ ഉള്ള മന്ത്രങ്ങൾ
ചിലർ മാത്രം മാറി നിന്നു ഉരുക്കഴിക്കുന്നു!

നിഷ്കളങ്കമാനസർ അതും ദൈവവേലയായി
കണ്ടു മന്ത്രം ഏറ്റു ചൊല്ലുന്നു…!

ഊണ് കഴിച്ചു പോകാം എന്നത് കേട്ടു
ചിരിച്ചു കൈ തൊഴുതു മടങ്ങി

പിരിഞ്ഞു പോയ ഹൃദയം പെറുക്കി
എടുത്തയാൾ പാതയോരത്തിരുന്നു

ഭിക്ഷാ ദേഹിയെന്നു കരുതിയോരമ്മ
പൊതിച്ചോറ് കൊടുത്തു കടുന്നു പോയി

ചോറിൽ പുതഞ്ഞ ദൈവം
അയാളെ നോക്കി ചിരിച്ചു

പിരിവു ചോദിക്കാത്ത ദൈവം
രാജ്യം ചോദിക്കാതെ

നടന്നു പോയ മനുഷ്യരുടെ
ഉള്ളിൽ മതം പറയാതെ
വീണ്ടും ചിരിച്ചു കൊണ്ടിരുന്നു.

Share :

പുതിയ കുറിപ്പുകൾ

Scroll to Top