എന്റെ നിറം.

മുവാറ്റുപുഴ നിർമല കോളേജിൽ exam കഴിഞ്ഞു നടന്നു വരുമ്പോൾ ഒരു അത്ഭുതം കണ്ടു പകച്ചു പോയി. നല്ല ചന്ദനനിറത്തിൽ റോസ് സിന്ദൂരം ചാലിച്ച നിറത്തിൽ റോസ് നിറമാർന്ന  അധരങ്ങളും  തല നിറയെ ഉള്ള മുടി അരയ്ക്കു താഴെ അഴിച്ചിട്ടു ഒരു  പെൺകുട്ടി. ആൺകുട്ടികളെ എന്ത് പറയാനാ ! ഞാനീ മാതിരി വണ്ടർ അടിക്കുമ്പോ… 

അഹ്.. ! ശെരിക്കും  തമ്പുരാൻ എന്നെയൊക്കെ സൃഷ്ടിക്കുമ്പോ ഈ നിറമൊന്നും  അങ്ങേരെ അടുത്തില്ലാരുന്നോഡേയ് ! നമ്മളെയൊക്കെ എന്തോ ബാക്കി വന്ന പെയിന്റ് എല്ലാം  കൂട്ടിയിട്ട് അടിച്ചു വിട്ട പോലെ ഒരു പടപ്പ്.. !

റോഡ് അപ്പൊ ടാർ ഇട്ടതായിരുന്നു എങ്കിൽ എന്റെ നടപ്പ് ഒരു മെറ്റൽ ഒതുക്കിയുടെ ഫലം ചെയ്തേനെ.. 

വിഷമം തീർക്കാൻ ഫോൺ എടുത്തു ക്യാമറ എടുത്തു സെൽഫി ക്ലിക്കി. മുഖത്ത് തൊട്ടു മുൻപത്തെ ചിന്തയുടെ പ്ലിങ്ങിത (കടപ്പാട്  വാക്ക്. ജോസഫ് അന്നം കുട്ടി ജോസഫ് )ഭാവം  സെൽഫിയിൽ പതിഞ്ഞു. 

എഡിറ്റിംഗ് ഭഗവതിയെ വിളിച്ച് brightness ൽ കൂട്ടിയിട്ടു വെളുപ്പിച്ചു. 

ആഹാ..ചുന്ദരികുട്ടി.. എന്റെ സെൽഫിക്കു ബസ് സ്റ്റോപ്പിലോട്ട് നടക്കും വഴി ഞാൻ തന്നെ ഒരു  പുന്നാര മുത്തം കൊടുത്തു തിരുപ്പതിയായി  (തൃപ്തി എന്നൊക്കെ പറയും ) എന്നിട്ട് മന്ത്രിച്ചു ” ആഹാ ഐശ്വര്യ റായിക്കുണ്ടോ ഇത്രേം  വെളുപ്പ് !”

ബസ് കിട്ടി അതിൽ തൂങ്ങി നിന്ന് ആടികളിക്കുമ്പോ കുഞ്ഞുനാളിൽ എന്നേ കുറിച്ച് കേട്ട ചില വിഖ്യാതവചനങ്ങൾ ചുമ്മാ മനസ്സിൽ ഓടികേറി വന്നു കളഞ്ഞു. 

*1   “ഈ പെൺകൊച്ചു ആ സാറിന്റെയും ടീച്ചറിന്റെയും തന്നാണോ !! എന്തൊരു കോലം “

*2 “യാതൊരു മനുഷ്യകോലവും ഇതിനു ഇല്ലല്ലോ “

*3 “കൂതാടിക്കു (കൊതുകിന്റെ ലാർവയെ അങ്ങനൊക്കെ പറയും )കൈയും കാലും വെച്ച പോലൊരു പെണ്ണ് 

….ഇതൊക്കെ എന്തിനീ നേരത്തു വലിഞ്ഞു കയറി വരുന്നു.. ശ്ശെടാ എന്ന് ആലോചിച്ചു കഷ്ടപ്പെട്ട് ഫോണിൽ ഞെക്കി മുന്നേ എഡിറ്റ്‌ ചെയ്ത ഫോട്ടോ നോക്കി ആത്മവിശ്വാസം ഒന്ന് തിളപ്പിച്ച്‌ എടുത്തു. 

മുവാറ്റുപുഴ KSRTC സ്റ്റാൻഡിൽ നിന്നും വീണ്ടും യാത്ര. 

എനിക്കെന്തോ ഭയങ്കര ദേഷ്യം തോന്നി ദൈവത്തിനോട് 

എന്തിനാണ് ഇങ്ങനെ സൃഷ്ടിപ്പിൽ പക്ഷപാതക്കാരൻ ആവുന്നേ ഹേയ് എന്ന്  ഉറക്കെ ചിന്തിച്ചു.. 

പെട്ടെന്ന് പതിവ് പോലെ അങ്ങേരു സംസാരിക്കുവാൻ ആരംഭിച്ചു 

അത് മറന്നു.. അയാളെ ഞാൻ നസ്രായൻ എന്ന് വിളിക്കും. ഫുൾ നെയിം നസ്രായൻ യേശു. 

എട്ടിൽ എന്റെ കൂടെ പഠിച്ച സ്മിത പുള്ളിയെ എന്റെ കൃഷ്ണ.. എന്ന് നീട്ടി വിളിക്കും 

ഡിഗ്രിക്കു കൂടെ പഠിച്ച ഹലീന.. പുട്ടിനു തേങ്ങ ചേർക്കും പോലെ അല്ലാഹ്… അള്ളാ..എന്നും വിളിക്കും. Fb ഫ്രണ്ട് ദിലീപ് യുക്തിവാദി മനസാക്ഷി എന്നൊക്കേ പറയും 

ഏതായാലും വിഷയത്തിലേക്ക് വരാം. 

പുള്ളി ചോദിക്കുവാ 

“നിനക്ക് ഏതെങ്കിലും സർട്ടിഫിക്കറ്റ് നിറം  കുറവായത് കൊണ്ടു കിട്ടാതെ പോയോ? 

ഞാൻ : ചിരി wirh പ്ലിങ്ങൽ 

“നീ അർഹിക്കുന്ന ഏതെങ്കിലും അംഗീകാരം കിട്ടാതെ പോയോ? 

നിന്നോട് മനുഷ്യർ പ്രണയം പറയാതിരിക്കുന്നുണ്ടോ…?

നിന്റെ വിവാഹം നടക്കാതെ പോയോ? 

ഉടനെ  ഞാൻ ഇടയിൽ ചാടി.. 

“നിറം  കുറവായിരുന്നു എന്ന് പറഞ്ഞു  ഒരു ലക്ഷം  രൂപ  പോക്കറ്റ്മണി കൂടി അവര് കൂട്ടി ചോദിച്ചില്ലേ? എന്റെ വീട്ടാരു എന്നോട് പറയാതെ കൊടുത്തില്ലേ? 

“അത് ഞാൻ ഇട്ട ഒരു ട്വിസ്റ്റ്‌ അല്ലേ?  ഇപ്പൊ രണ്ടു മാലാഖ കുട്ടികൾ നിന്റെ കൂടെ എങ്ങനെ വന്നു? 

“ഇതൊന്നും  ശെരിയല്ല ” എനിക്ക് പിറുപിറുക്കാതെ വയ്യ 

“ഒക്കെ പോട്ടെ. നിന്റെ കടയിലെ ബാഗ് വല്ലതും  നിനക്ക് നിറം കുറവാണ് എന്ന് പറഞ്ഞു വാങ്ങാതെ പോയോ ആരെങ്കിലും? “

ശ്ശെടാ ഇങ്ങേർ ഇത് എങ്ങോട്ടാ എന്നായി ഞാൻ 

പുള്ളി തുടർന്നു. 

“നീ ബൈബിളിലോ ഭഗവത് ഗീതയിലോ ഖുറാനിലോ ഈശ്വരന് വെളുത്ത മനുഷ്യരെ ആണ് ഇഷ്ടം എന്ന് വായിച്ചുവോ? “

ഞാൻ :എനിക്ക് ഇതു എന്തിന്റെ കേടായിരുന്നു 

“ഞാനിത് ഒന്നും മുഴുവൻ വായിച്ചിട്ടില്ല ” ( തടി തപ്പൽ ലാസ്റ്റ് സ്റ്റേജ് )

“വേണ്ട ആരെങ്കിലും അങ്ങനെ പറഞ്ഞു കേട്ടുവോ? “

“നിങ്ങൾ മനുഷ്യരാണ് വെളുപ്പ് ഭംഗി കറുപ്പ് മോശം  എന്നൊക്കെ  സൃഷ്ടിച്ചു വെച്ചത്. നിങ്ങളുടെ ചിന്ത നിങ്ങള് തന്നെ മാറ്റി പിടി. ചുമ്മാ  ഇരിക്കുന്ന  എന്റെ നെഞ്ചത്തോട്ടു കേറാതെ.. “

ഞാൻ  ഒന്ന് മെരുങ്ങി. അല്ല പുള്ളി പറയുന്നതിലും എന്തോ ഉണ്ടല്ലോ !

ഞാൻ പതുക്കെ ഫോൺ എടുത്തു എഡിറ്റാത്ത എന്റെ ഫോട്ടോ നോക്കി.. 

അല്ലപ്പാ ഈ ഫോട്ടോക്ക് എന്താ കുഴപ്പം ! ചുന്ദരികുട്ടി 

കണ്ടക്ടർ വിളിച്ച് പറയുന്നു.. കാലടി കാലടി.. 

ഞാനും നസ്രായനും പതിയെ ഞങ്ങളുടെ വഴികളിലേക്ക്…

Share :

പുതിയ കുറിപ്പുകൾ

Scroll to Top