ആരോട് പറയണം…?

ആരോട് പറയണം..?
കാമം വെടിഞ്ഞൊരുവനെ
പ്രണയിക്ക വേണം
കവിത കുറിക്കുമൊരുവൾ
കാതരയായ് ചൊല്ലി.
കാടത് കേട്ടു കാട്ടുചോല
നാണിച്ചു ചോന്നു.
കാട്ടുമുല്ല കുടഞ്ഞുണർന്നു..
കേട്ടതിൽ പതിരുണ്ടോ?
കാമമില്ലാതെ പ്രണയമുണ്ടോ?
അറിയണം നീ കാമിനി
കാഞ്ചനക്കൂട്ടിൽ
അല്ലാതൊരു പ്രണയമുണ്ടോ?

കാമം വെടിഞ്ഞൊരുവനെ
പ്രണയിക്ക സാധ്യമോ?
കാമിനി നീ ചൊല്ലണം
മറുമൊഴി പാടണം.
ഇഷ്ടമേറെ നിറച്ചെടുക്കണം
കനിവാലെന്നെ പൊതിഞ്ഞു പിടിക്കണം
കണ്ണെടുക്കാതെന്നെ
നോക്കി നിൽക്കണം
ദിക്കുകളത് കണ്ടു
പകച്ചു പുകയണം.
കടലേഴുമപ്പോൾ
പാടണം പ്രണയം.
അണിവിരൽ തൊട്ടാൽ
പൊള്ളണം.
ആരാധ്യദേവനായി
മാറണം പ്രണയം.

കാണാതിരിക്കുവാൻ
വയ്യെന്നെനൻ മനം ചൊല്ലണം
ഒന്നുമേ ചൊല്ലാതെ
അവനെൻ അരികത്തിരിക്കണം.
അരികത്തു വന്നാൽ
ആന്തലുയരണം
തീഷ്ണമായി നോക്കി
അകന്നുനിൽക്കണം.
അവനറിയാതെ ആഴിത്തിര
ഉയരണമെന്നടിവയറ്റിൽ..
മേഘങ്ങളാനന്ദ നൃത്തം
തുടങ്ങണം…

മറുമൊഴി ചൊല്ലുമീ കാട്ടുമുല്ല:
കേൾക്കുമോ നീയീ പ്രാണമുദ്ര?
പൂക്കളെ പേറുമീ
ഗന്ധർവജന്മം.
കാണിക്കയായി ഞാൻ
നൽകിടട്ടെ?
കാട്ടുവള്ളി ഊഞ്ഞാൽ
കെട്ടി ഞാൻ കാതരേ..
കണ്മണി നിന്നെ കാത്തിടട്ടെ?
ഊഷരസന്ധ്യയിൽ ആർദ്രമാം
രാവിൽ
പെണ്മണി നീയിനിയെൻ കാട്ടു പൂവ്
കാനനവാസൻ
കാട്ടുമല്ലിക ചൊരിഞ്ഞു
നിന്നു.

Share :

പുതിയ കുറിപ്പുകൾ

Scroll to Top