നോവ്

2008ലെ ഒരു സെപ്റ്റംബർ സായന്തനം.

കുറച്ചു നേരമായി അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ആണ് അയാൾ അതവളോട്‌ പറഞ്ഞത്.

ഒരു നിമിഷം ചുറ്റും വീശിയിരുന്ന കാറ്റ് സ്തംഭിച്ചു നിന്ന പോലേ അവൾക്കു തോന്നി.കടലിലെ അലകൾ നിശ്ചലമായതു പോലേ..മേഘങ്ങൾ സഞ്ചാരം നിർത്തിയെന്ന പോലേ ….അനക്കമറ്റ് നിന്നു പോയി അവൾ.

സംസാരിക്കുവാൻ തനിക്കു ഉള്ള കഴിവും മറന്നവൾ. താൻ നിൽക്കുന്ന പൊൻചെമ്പകചോട്ടിൽ തീർത്തും നിശ്ചലയായി നിന്നു പോയി.

വീണ്ടും അയാളുടെ ശബ്ദം അവൾ കേട്ടു. മുന്നിലുണ്ട് അയാൾ. എന്നിട്ടും അവൾക്കു തോന്നി ഏറെ ദൂരത്തു നിന്നാണ് ആ വാക്കുകൾ വരുന്നത്.

ഒരു സാധാരണ സംഭാഷണത്തിന്റെ ഇടയിൽ മഴക്കാറുണ്ട് എന്ന് അവൾ പറയുമ്പോൾ ആണ് അയാൾ ഉമ്മ എന്ന് അവളെ നോക്കി പറഞ്ഞതും ഉമ്മ എന്ന് ആവർത്തിച്ചതും.

കാലുകൾ നിലത്തു ഉറച്ചു പോയന്നും ഇനി ഒരിക്കലും തന്റെ നാവു ചലിക്കില്ല എന്നും അവൾക്കു തോന്നിപ്പോയി.

അയാൾക്ക്‌ അവളുടെ ഹൃദയം അറിയാം എന്ന് തോന്നും വിധം അയാൾ വീണ്ടും പറഞ്ഞു.

“ഇഷ്ടമില്ലാത്ത ഒന്നും ചെയ്യുവാൻ ഞാൻ നിന്നേ നിർബന്ധിക്കില്ല. ഒരിക്കലും നിന്നേ വേദനിപ്പിക്കില്ല “

ചെമ്പകപ്പൂക്കളുടെ സുഗന്ധം അവൾ അപ്പോൾ തനിയ്ക്ക് ചുറ്റും പടരുന്നതു അവൾ അറിഞ്ഞു.

അയാൾ ദൂരെ മറഞ്ഞ ശേഷമാണ് പറഞ്ഞത് തന്നെ ഇഷ്ടമാണ് എന്നാണെന്ന് അവൾക്കു തിരിച്ചറിയുവാൻ കഴിഞ്ഞത്.

അന്തിയ്ക്കു വിരിയാൻ വെമ്പിനിൽക്കുന്ന മുല്ലമൊട്ടുകൾ കണ്ടപ്പോൾ അവൾക്കു തന്റെ ഹൃദയം ചിതറിപോവുകയണെന്ന് തോന്നി…

രാത്രിയാകേ നിലാവ് ഉദിച്ചു വരുമ്പോൾ കാരണം അറിയാതെ അവളുടെ കണ്ണുകൾ തുളുമ്പി.. താൻ എന്തിനാണ് ഇങ്ങനെ കരയുന്നത് എന്നവൾ ആശ്ചര്യപ്പെട്ടു.

അയാളുടെ മുഖവും ശബ്ദവും ഓർമ്മ വരുമ്പോഴെല്ലാം മിഴിയടഞ്ഞു പോകുന്നു. നിറഞ്ഞു പോകുന്നു. “കഭി കഭി മേരേ ദിൽ മേം ഹയാൽ ആതാ ഹേ “എന്ന പഴയ ഹിന്ദിഗാനം ലത മങ്കേഷ്‌കർ അവൾ ആവശ്യപ്പെടാതെ അവൾക്കായി പാടിക്കൊണ്ടേ ഇരുന്നു.

അത്ര ഹൃദയം വേദനിച്ചിട്ടും അവൾക്കു അത് എന്ത് കൊണ്ടാണെന്ന് മനസ്സിലായില്ല. ഉറക്കം എന്നാൽ എന്താണ് എന്ന് അവൾ ആലോചിച്ചതേയില്ല. ഭക്ഷണം കഴിക്കുവാൻ അമ്മ വിളിച്ചിട്ടും അച്ഛൻ വിളിച്ചിട്ടും അനിയത്തി വിളിച്ചിട്ടും അവൾക്കു വിശന്നേയില്ല. വിലയേറിയ എന്തോ തന്നിൽ നിന്നാരോ എടുത്തു കൊണ്ടു പോയ പോലേ അവൾക്കു തോന്നി.. ഒന്നു കണ്ടിരുന്നുവെങ്കിൽ എന്ന് ഹൃദയം ആർത്തുകൊണ്ടിരുന്നു.

തനിയ്ക്ക് അയാളോട് എന്താണ് എന്ന് സ്വയം ആവർത്തിച്ചു ചോദിച്ചു.. ഇന്നലെ വരേ അയാൾ സുഹൃത്ത്‌ ആയിരുന്നു. ഒറ്റ നിമിഷത്തിൽ എങ്ങനെ എന്റെ ലോകം മാറിപ്പോയി എന്ന് സ്വയം അമ്പരന്നു.

പിറ്റേന്ന് വൈകുന്നേരം വീണ്ടും അയാളുടെ മുഖം കാണുകയും അയാൾ അവളെ നോക്കി പുഞ്ചിരിക്കുകയും ചെയ്യും വരെ അവൾ വേദനിച്ചു കൊണ്ടേ ഇരുന്നു.
അയാളെ കണ്ടതും അവളുടെ ഹൃദയം വിറ കൊണ്ടു. അത് വരെ അനുഭവിച്ച ഹൃദയവേദനക്ക് അറുതിയായി.. തരളിതമായ ഹൃദയത്തിൽ നെഞ്ചിടിപ്പ് കൂടി വന്നു. അയാളകട്ടെ പ്രേത്യേകിച്ചു ഒന്നും പറയാതെ ഒരു നോട്ടം സമ്മാനിച്ചു ചെറുചിരിയോടെ നടന്നു മറഞ്ഞു.. അവളുടെ ഹൃദയം വീണ്ടും ഭാരപ്പെട്ടു.. അവൾക്കതു മനസ്സിലാകുന്നുണ്ടായിരുന്നില്ല. പ്രണയമെന്നാൽ കാണാതെ ഇരിക്കുമ്പോൾ അനുഭവിയ്ക്കുന്ന അതിതീവ്രമായ നോവാണെന്നു അവളോട്‌ ആരും പറഞ്ഞിരുന്നില്ലല്ലോ.

Share :

പുതിയ കുറിപ്പുകൾ

Scroll to Top