മക്കളെയോര്‍ത്തു വിലപിക്കരുതെന്റെ
ഗർഭപാത്രമേ നീ
അവരുടെ നാളെകളില്‍
നിന്നേ പഠിപ്പിച്ച
അദ്ധ്യാപകരെന്നവര് നിനക്ക്
മുന്നില്‍ ഊറ്റം കൊള്ളും…
നിന്റെ വാർദ്ധക്യത്തിൽ
നിന്നേ നടക്കാന്‍ പഠിപ്പിച്ചുവെന്നു
പ്രഭാഷണം നടത്തും..
അവര്‍ക്ക് സന്മാർഗ്ഗമോതി
തളര്‍ന്ന നിന്റെ നാവിനെ അക്ഷരം ചൊല്ലുവാന്‍
പഠിപ്പിച്ചുവെന്നു അവകാശം കേള്‍ക്കും
അക്ഷരം ചൊല്ലി പഠിപ്പിച്ചവളോട്
ഇനിയൊരക്ഷരം മിണ്ടരുത്
എന്ന് നീ ചൊല്ലുന്ന കാലം വന്നോമനേ..
അവരെ ഊട്ടിയും അവര്‍ക്കായി
അരിമണി തേടിയും തളര്‍ന്ന
നിന്റെ വിണ്ടു പൊട്ടി ചുളിഞ്ഞ
നിന് കരങ്ങള്‍ കണ്ടവര്‍
അറച്ചു നില്ക്കും…
വയറ്റിലെ മടക്കും തലയിലേ നരയും
തൂങ്ങിയ മാറിടവും നാണക്കേട്
എന്നവരാവര്ത്തിച്ചു
മുറിമൂലയില് നീ കുത്തിയിരിക്കും.
മറവിയാല്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കവേ
എന്തൊരു നാശം എന്നാര്‍ത്തു
പ്രാക്കു ചൊല്ലും.
അറിയാതെ പോകുന്ന
മലമൂത്രശോധനകള് മണിക്കുറുകള്‍
ദിവസങ്ങള്‍ നിനക്ക് കുട്ടായേക്കും…
കരയരുതേ.. ശപിക്കരുതേ
എന്റെ ഗര്‍ഭപാത്രമേ…
നാളെ നരചൂടും യൗവ്വനങ്ങൾ
അവരെന്നോര്ത്തു വഴി മാറി
ആറടി മണ്ണില്‍ ചേരുക നീ…