വേട്ടക്കാരുടെ പോക്കുവഴികളില്
ആരാന്റെ കുഞ്ഞുങ്ങളുടെ
ഞരക്കങ്ങള്‍ മണ്ണിനെ
വിളിച്ചു കൊണ്ടിരുന്നു.
ദിക്കറിയാതെ പൊന്‍വെയില്‍
നാളങ്ങള്‍ പവിഴം തേടി
ആഴക്കടലില്‍ നീന്തുമ്പോഴായിരുന്നത്.
അവരുടെ ഉയിരപ്പോഴും
ആത്മാവിനെ പിടിച്ചു
നിര്‍ത്തി ഹൃദയം മിടിച്ചു കൊണ്ടിരുന്നു.
രാവ് എത്തുമെന്നറിഞ്ഞു
പകല്‍ സന്ധ്യയെ പുണര്‍ന്നു
കരയുകയാണ്.
താരങ്ങളാകും എന്നപോലെ
മിന്നാമിന്നികള്‍ ഇരുളിന് അടരുകള്‍
തീര്‍ത്ത ആകാശരാത്രിയിലേക്ക്
കുതിച്ചതാണ് ഇതിനെല്ലാം നിദാനം
എന്നായിരം കിളികള്‍ ഏറ്റു പാടുന്നു.
വെള്ളിവെളിച്ചത്തില്‍ ചിറകരിഞ്ഞു
പോയ പൈങ്കിളി പിന്നെയും
ഉയര്‍ന്നു പാറി താഴെ അപ്പോഴും ആരാന്റെ
കുഞ്ഞുങ്ങളുടെ ഞരക്കം.
വാളേന്തി കാലി തുലാസില്‍
ചോദ്യങ്ങളെറിഞ്ഞു കണ്ണുകള്‍
അടച്ചു മുലക്കച്ച കെട്ടിയവള്
എങ്കിലും ബാക്കിയായേ മതിയാകൂ…
മുപ്പതു വെള്ളിക്കാശു
ആ തുലാസ്സില്‍ വെയ്ക്കുവാന്‍
വേട്ടക്കാരന് പാഞ്ഞു പോകുന്നുണ്ട് വായനക്കാരേ.