രാത്രി പറഞ്ഞ കഥകൾ

ആദിബോധത്തിന്റെ
അവസാന തുള്ളിയും ഊര്‍ന്നു പോകുന്നു.

സന്ധ്യകള്‍ പരാതിയില്ലാതെ
കലര്‍ന്നിറങ്ങുന്നു.

മരങ്ങളും കാറ്റും തമ്മില്‍ സന്ധിസംഭാഷണം
എങ്ങുമെത്താതെ തുടരുന്നു!

ഒരു മരണവും എന്നോട്‌
ഒന്നും പറയാതെ കടന്നു പോകുന്നില്ല!

അല്ലെങ്കിലും ഞാന്‍ നിങ്ങളോടു
പങ്കു വെയ്ക്കാത്ത കാര്യങ്ങള്‍
ആണല്ലോ കൂടുതലും.

നോക്കു… ദൂരെ അങ്ങ്‌ ദൂരെ
വേട്ടയാടപ്പെടുന്ന വെള്ളിമേഘങ്ങള്‍…!

എറിഞ്ഞു വീഴ്ത്തപ്പെടുന്ന
ഇണക്കുരുവികള്‍!

ക്രുരമായി കൂട്ടാബലാല്‍സംഗം
ചെയ്യപ്പെടുന്ന ഗര്‍ഭിണികള്‍..

എന്തേ നിങ്ങള്‍ വായന നിര്‍ത്തുന്നത്‌?

ഓര്‍മിച്ചില്ല… ഞാന്‍ പറഞ്ഞു വന്നത്‌
മരങ്ങളില്‍ കാറ്റ്‌ വന്നു ഊഞ്ഞാല്‍
കെട്ടുന്നതിനെ കുറിച്ചായിരുന്നുവല്ലോ…!

അത്‌ പോലെ…
പല സന്ധ്യകളും ആകാശം അത്രമേല്‍
മനോഹരമാകുന്നത്‌
മേഘങ്ങളുടെ പരിണയം നടക്കുമ്പോഴെന്നും..

വരൂ.. അത്‌ തന്നേ തുടരാം വായന തുടരൂ…

Share :

പുതിയ കുറിപ്പുകൾ

Scroll to Top