തായ് വേരിൽ
കോടാലി വെയ്ക്കുമ്പോൾ
കരഞ്ഞില്ലവൾ.
വീണു പോകുമെന്ന്
നിനച്ചവർ
വിജയികളായി
കടന്നുപോയി.
ഒറ്റമരത്തിനു വീണ്ടും പൂക്കണമായിരുന്നു
തളിർത്തും വളർന്നും
തിക്കനലാകണമായിരുന്നു.
കുഞ്ഞുവേരുകളിൽ
ഞരമ്പോടി
ജലശയം അവളെതേടി
ആ വഴി വന്നു
ഋതുക്കൾ അവൾക്കായി
കാലം തെറ്റി
ഒരു തായ്ക്കു പകരം
ആയിരം വേരോടി.
ഒരു ചില്ലയിൽ ശാഖികൾ
കിന്നിഞ്ഞു കാറ്റിലാടി.
മഴനേരത്തൊരു വസന്തം
വിരുന്നെത്തി.
ആഹാ! അടിമുടി പൂത്തവൾ
ചോര തെറിച്ച പോൽ
ഒറ്റമരമെന്നും ചുവപ്പാർന്നു
നിൽപ്പൂ.
ചോര വാർന്ന പോൽ നിറമാർന്നു
നിൽപ്പൂ.
ഫലമേറെ വിളഞ്ഞു
പൊട്ടിമുളച്ചു ചുറ്റിനും തൈകൾ
കാലം പോകേ ചുറ്റും
വനമൊന്നു നിറഞ്ഞു
ആർത്തു ഉറക്കെ ചിനച്ചു
ആ ആരണ്യകം നമ്മളല്ലേ.
നമുക്കുമില്ലേ നമ്മെ നാമാക്കിയൊരമ്മ
ഒറ്റയ്ക്കൊരു വസന്തം നൽകിയോരമ്മ!